Wednesday, March 12, 2008

കണ്ണൂരിലെ കബന്ധങ്ങള്‍...

വാക്കുകളേക്കാള്‍ കൂടുതല്‍ ചിത്രങ്ങളാണ്‌ കഥ പറയുക. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ ബലിയാടുകള്‍ ഇവിടെ നിങ്ങളോട്‌ സംവദിക്കുന്നു. കൊടി കാവിയായാലും ചുകപ്പായാലും ചോരയുടെ നിറം ചുകപ്പുതന്നെയാണെന്ന്‌ ചിത്രങ്ങള്‍ പറയും. എഴുപതുകള്‍ മുതല്‍ കണ്ണൂരില്‍ തുടര്‍ന്നു പോന്ന കൊലപാതക രാഷ്ട്രീയത്തില്‍ എന്നും ഒരു ഭാഗത്ത്‌ സി പി എം ഉണ്ടായിരുന്നു. മറുഭാഗത്ത്‌ ആദ്യകാലത്ത്‌ കോണ്‍ഗ്രസ്സും പിന്നെ ആര്‍ എസ്‌ എസും വന്നു. ഇടക്ക്‌ സ്വതന്ത്രമായി കൊല നടത്താന്‍ എന്‍ ഡി എഫും. ഇരു പക്ഷത്തും എന്നും ഒന്നോ രണ്ടോ പേര്‍ കൂടുതല്‍ കൊല ചെയ്യപ്പെട്ടു. ഒരിക്കലും അവസാനിക്കാത്ത കൊല. കണ്ണൂരില്‍ സമാധാനം സ്ഥാപിക്കണമെങ്കില്‍ സി പി എം വിചാരിച്ചാലേ കഴിയൂ എന്നത്‌ നഗ്നമായ സത്യമാണ്‌. ആര്‍ എസ്‌ എസുകാര്‍ കൊലപാതക രാഷ്ട്രീയത്തിലൂടെ എന്തു പ്രത്യയ ശാസ്‌ത്രമാണ്‌ മുന്നോട്ട്‌ വെക്കുന്നത്‌?. ഇടക്കു കിടന്ന്‌ മൂര്‍ച്ച കൂട്ടാന്‍ എന്‍ ഡി എഫ്‌ പോലുള്ള വമ്പന്മാര്‍ ആവതു ശ്രമിക്കുന്നു.എന്നിട്ടും ഇടതുപക്ഷം പിന്നോട്ടില്ല എന്നാണ്‌ കഴിഞ്ഞ ദിവസത്തെ പിണറായി വിജയന്റെ പ്രസ്‌താവ വെളിപ്പെടുത്തുന്നത്‌. കണ്ണൂരില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ പിണറായി വിജയനും ജയരാജന്മാര്‍ക്കും ഒരുപങ്കുമില്ലെന്ന്‌ കണ്ണൂര്‍ രാഷ്ട്രീയമറിയാവുന്ന ആരെങ്കിലും പറയുമോ?. തലശ്ശേരിയിലും പരിസരങ്ങളിലും പിണറായിയുടെ സന്ദര്‍ശനത്തിനു പിന്നാലെയാണ്‌ വെട്ടും കുത്തും ആരംഭിക്കുന്നത്‌ എന്നത്‌ പരസ്യമായ രഹസ്യമാണ്‌. ഇത്തവണയും അങ്ങനെ തന്നെ. ആദ്യ കൊല നടക്കുന്നതിന്റെ തലേ ദിവസം പിണറായിയുടെ പ്രകോപന പരമായ പ്രസംഗം നമ്മള്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്‌തതാണ്‌.

അതെല്ലാം നമുക്ക്‌ മറക്കാം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇരു വിഭാഗങ്ങളിലെ 11 പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. കണക്കു നോക്കുമ്പോള്‍ മറുവശത്ത്‌ ഒരെണ്ണം കൂടുതല്‍. അടുത്ത കണക്കു തീര്‍ക്കല്‍ എന്നായിരിക്കുമെന്നാണ്‌ കണ്ണൂര്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ പേടിക്കുന്നത്‌. ദയവായി ഈ ചോരക്കളി നിര്‍ത്തിക്കൂടെ. ഭാരതമാതയെ സ്‌നേഹിക്കുന്ന ആര്‍ എസ്‌ എസുകാര്‍ക്കെങ്കിലും ഇപ്പണി നിര്‍ത്തിക്കൂടെ...