Monday, April 30, 2007

തിരക്കഥ സംഭാഷണം സംവിധാനം രണ്‍ജി പണിക്കര്‍..

''കൊച്ചിക്കായലില്‍ യുവാവിന്റെ ജഡം.. അപകടമരണമോ കൊല പാതകമോ.''പിന്നാലെ വന്ന വിശ്വനാഥന്റെ പോലീസുകാരന്‍ പത്രക്കാരന്‍ പയ്യനെ എടുത്തിട്ട്‌ അലക്കി.. തൊട്ടു പിന്നാലെ നായകന്‍ രംഗപ്രവേശനം ചെയ്യുന്നു. പോലീസുകാരനു കണക്കിനു കൊടുക്കുന്നു....
പിന്നാലെ വരുന്ന സീനുകളില്‍ മലയാളമനോരമയെന്ന നമ്മെ മനസ്സിലാക്കിക്കുന്ന കുരുവിത്തടം ബേബിച്ചന്റെ പത്രത്തിനെ ചെളി വാരിയെറിഞ്ഞും മൂല്യാധിഷ്ടിത പത്രപ്രവര്‍ത്തനത്തിന്റെ പ്രതീകമായ ശേഖരേട്ടന്റെ ജാഗ്രതയുമായി നായകന്‍ നായികക്കൊപ്പം മുന്നോട്ട്‌.

ചിത്രം പത്രം .അക്രമത്തിനും അനീതിക്കുമെതിരെ , പത്രകുത്തകക്കെതിരെ, മഞ്ഞ പത്രപ്രവര്‍ത്തനത്തിനെതിരെ ഡയലോഗ്‌ കസര്‍ത്തുകള്‍..... രണ്ടര മണിക്കൂര്‍ കഴിഞ്ഞ്‌ കഥ തിരക്കഥ സംഭാഷണം രണ്‍ജി പണിക്കര്‍ എന്ന്‌ ക്രെഡിറ്റും എഴുതിക്കാണിച്ച്‌ പുറത്തിറങ്ങുമ്പോള്‍ '' ദാ നോക്കിയെ കൈയില്‍ രോമം എഴുനേറ്റു നിക്കുവാ''...

ഇനി തിരക്കു പിന്നിലെ തിരക്കഥ.
കോട്ടയം കേന്ദ്രമാക്കി ഇറങ്ങിയ മലയാളത്തിലെ ആദ്യ ദിനപ്പത്രത്തിന്റെ ആറാമത്തെ പേജിന്റെ താഴെ പ്രിന്റ്‌ ലൈന്‍ എടുത്തു നോക്കുക. ചെയര്‍മാന്‍ എം.എ ഫാരിസ്‌, വൈസ്‌ ചെയര്‍മാന്‍ രണ്‍ജി പണിക്കര്‍. വീണ്ടും തിരക്കഥ സംഭാഷണം സംവിധാനം രണ്‍ജി പണിക്കര്‍.

ഇനി കാത്തിരിക്കാം ഉച്ചിഷ്ടവും അമേദ്യവും കൂട്ടിക്കലര്‍ത്തിയ ഡയലോഗുകള്‍ക്കായി.വര്‍ഷം രണ്ടോ മൂന്നോ ആയി കോണ്‍ഗ്രസ്സിനൊപ്പം നിലയുറപ്പിച്ച ദീപികയില്‍ ആരൊക്കെയോ തിരക്കഥയെഴുതാന്‍ തുടങ്ങിയിട്ട്‌. പത്രം വായിക്കുന്നവര്‍ക്ക്‌ അത്‌ സ്ഥിരമായിട്ടറിയാവുന്ന കാര്യമാണ്‌. രണ്ടും മൂന്നും സ്ഥാനത്തു നിന്നിരുന്ന പത്രം ദാ ഇപ്പോ കേരളത്തില്‍ അടിക്കുന്നത്‌ പത്തോ മുപ്പതോ ആയിരം കോപ്പി. ഭരണത്തിലിരിക്കുന്ന അച്യുമ്മാമനെ ചീത്തവിളിക്കാനും മൂന്നാര്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുരങ്കം വെക്കാനും പിണറായി വിജയേട്ടന്‍ ബിനാമി അണ്ടര്‍ വേള്‍ഡ്‌ ഡോണ്‍ കിഡ്‌നി ഡീലര്‍ എം എ ഫാരിസിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൂല്യാധിഷ്ടിത പത്രപ്രവര്‍ത്തനം. കഥ തിരക്കഥ സംഭാഷണം സംവിധാനം രണ്‍ജി പണിക്കര്‍..

ഏതാണ്ട്‌ ഒരു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രഭാതം.സ്ഥലം പാലാരിവട്ടം കൊച്ചി . ദീപികയുടെ അവകാശ തര്‍ക്കം മൂത്ത്‌ ഫാരിസിന്റെ കൈയില്‍ നിന്നും ഒരു വിഭാഗം ദീപിക പിടിച്ചടക്കാന്‍ ഗുണ്ടകളെ ഇറക്കിയ ദിവസം. ഗുണ്ടകള്‍ വരുന്നതിന്‌ മിനുട്ടുകള്‍ക്കുമുമ്പ്‌ ഒരു ലക്ഷ്വറി കാര്‍ പാലാരിവട്ടത്തെ ദീപിക ഓഫിസിനു മുന്നില്‍ വന്നു ബ്രേക്കിട്ടു. പെട്ടെന്ന്‌ കണ്ണടവെച്ച താടിക്കാരന്‍ ഇറങ്ങി തിടുക്കത്തില്‍ ദീപിക ഓഫിസിലേക്ക്‌. ഞോടിയിടയില്‍ കക്ഷത്തില്‍ ഫയലുകളുമായി കാറില്‍ കയറി തിടുക്കത്തില്‍ തിരിച്ചു പോയി. എവിടെയോ കണ്ട പരിചയം- യെസ്‌ കഥ തിരക്കഥ സംഭാഷണം ചിലപ്പോള്‍ സംവിധാനവും - രണ്‍ജി പണിക്കര്‍.

പാര്‍ട്ടിക്ക്‌ ദേശസ്‌നേഹം തുളുമ്പുന്ന ഒരു പത്രമുണ്ട്‌. അത്‌ ഔദ്യോഗിക പത്രം. അതില്‍ പരസ്യമായി അച്ചുമ്മാമനെ കുത്താനാകുമോ. പിന്നില്‍ നിന്നല്ലാതെ. അതിന്‌ വിജയേട്ടന്‍ കണ്ടുപിടിച്ച വഴിയാണിത്‌. ദിപിക. കുറേ പത്രപ്രവര്‍ത്തകരേ മറ്റും പിരിച്ചുവിട്ട്‌ വഴിയാധാരമാക്കിയാലെന്ത്‌. ഒരു പത്രം കൈയിലായില്ലേ. പിന്നെ വിജയേട്ടന്‍ വെടിയുണ്ടയും കൊണ്ട്‌ ഡല്‍ഹിക്കുപോയത്‌ ചെന്നൈ വഴി. അവിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ അന്തിയുറങ്ങിയിട്ടാണ്‌ പിറ്റേന്ന്‌ ഡല്‍ഹിക്കുപോയത്‌. മേല്‍പ്പറഞ്ഞ കിഡ്‌നി ഫാരിസ്‌ക്കായുടെ വീലാണോ എന്നറിയില്ല. പരദൂഷണക്കാര്‍ പലതും പറയുന്നുണ്ട്‌. പഴയ ക്ലിപ്പിംഗ്‌സ്‌ എടുത്തു നോക്കിയാല്‍ മനസ്സിലാകും വിജയേട്ടന്‍ വന്ന കാര്‍ ഏതാണെന്നും സിന്റിക്കേറ്റുകാര്‍ക്കു വേണമെങ്കില്‍ നമ്പര്‍ ട്രേസ്‌ ചെയ്യാം. അങ്ങോട്ടുള്ള വഴി അറിയാതിരിക്കില്ലല്ലോ. ഇക്കാ ഞരമ്പുപൊട്ടി വിശ്രമിക്കുമ്പോ ഇന്നു കൊടിവെച്ച കാറില്‍ യാത്ര ചെയ്യുന്ന എത്ര പേരാ അവിടെ കാണാന്‍ ചെന്നത്‌.

വാല്‍ക്കഷണം
അറക്കല്‍ എപ്പിസോഡ്‌
കുറേക്കാലം മാര്‍ മാത്യു അറക്കല്‍ ചെയര്‍മാനും ഫാരിസ്‌ വൈസ്‌ ചെയര്‍മാനുമായിരുന്നല്ലോ ദീപികയില്‍. അക്കാലത്താണല്ലോ പത്രം കുളംതോണ്ടി ഇന്നത്തെ രൂപത്തിലാക്കിയത്‌. വിഷയമതല്ല. അറക്കല്‍ ചെയര്‍മാനായിരുന്ന കാലത്ത്‌ സിപിഎമ്മിനനുകൂലമായി എത്ര മഷിയാണ്‌ പാഴാക്കിയത്‌. എന്നിട്ടും അഭിവന്ദ്യ പിതാവ്‌ മാര്‍ മാത്യു അറക്കല്‍ എന്തിന്‌ അതേ പാര്‍ട്ടിക്കെതിരെ ഇടയലേഖനമിറക്കി. കഷ്ടം...ഉത്തരം കിട്ടാത്ത ചോദ്യം. ആരാണ്‌ ആട്ടിന്‍ തോലിട്ട ചെന്നായ.

കുഞ്ഞാടുകള്‍ ക്ഷമിക്കുക.