Monday, August 6, 2007

ഫാരിസ്‌ ഹാജര്‍; ഒരു വെടിക്ക്‌ രണ്ടോ മുന്നോ പക്ഷി

ദിവസങ്ങള്‍ നീണ്ട ആകാംക്ഷക്കൊടുവില്‍ അതു സംഭവിച്ചു. കേരളത്തിലെ ഒരു പത്രപ്രവര്‍ത്തകന്‍ `അതായത്‌' ഒരു മാധ്യമസ്ഥാപനത്തിന്റെ എം ഡിയും എഡിറ്ററുമായ ആള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അയാളെ കണ്ടു പിടിച്ചു. കണ്ണും കയ്യുമില്ലാത്തവനെന്നു ആളുകള്‍ പറഞ്ഞ ഫാരിസ്‌ അബൂബക്കറെന്ന ചെത്തു പയ്യനെ.... അഭിമുഖം സംപ്രേഷണം ചെയ്‌തു മണിക്കൂറുകള്‍ക്കകം വിവാദവും ആരംഭിച്ചു. ഫാരിസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കേരളമല്ലേ സ്വാഭാവികം.

പാവം മുഖ്യമന്ത്രി...അഭിമുഖത്തിലുനീളം മുഖ്യമന്ത്രിയെ ഫാരിസ്‌ ചീത്ത പറഞ്ഞുകൊണ്ടിരുന്നു. ഇടക്കിടക്ക്‌ വരുന്ന ഇടവേളകളില്‍ പരസ്യങ്ങളും മുഖ്യമന്ത്രിയെ കൊഞ്ഞനം കുത്തി. `ഈ പരിപാടി നിങ്ങള്‍ക്കു വേണ്ടി അവതരിപ്പിക്കുന്നത്‌ ബി സി ജി ബില്‍ഡേഴ്‌സ്‌.....ഓര്‍ക്കുന്നുണ്ടോ ബി സി ജി ബില്‍ഡേഴ്‌സ്‌ എന്ന നാമധേയം.... അതെ മൂന്നാറില്‍ 27 ഏക്കര്‍ കൈയേറിയ അതേ ബി സി ജി ബില്‍ഡേഴ്‌സ്‌ തന്നെ.... ഒളിഞ്ഞും തെളിഞ്ഞും വി എസിനെ കുത്തിയ കൈരളിയുടെ നേതൃത്വത്തില്‍ മറ്റൊരു വി എസ്‌ വിരുദ്ധ മാധ്യമത്തിന്റെ ചെയര്‍മാനുമായുള്ള അഭിമുഖം സ്‌പോണ്‍സര്‍ ചെയ്‌തത്‌ വി എസിന്റെ പ്രഖ്യാപിത ശ്‌ത്രുക്കളിലൊന്നായ ബി സി ജി ബില്‍ഡേഴ്‌സ്‌.. കാര്യത്തിന്റെ കിടപ്പ്‌ പിടികിട്ടിയില്ലേ...

വി എസിനെ മാത്രമല്ല പിണറായിയെയും സൗകര്യം കിട്ടിയപ്പോഴൊക്കെ ചീത്ത വിളിച്ചു. മാത്രമല്ല പാര്‍ട്ടിയേയും... കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയായതുകൊണ്ടാണ്‌ പ്രിയങ്കരനായ നായനാരുടെ പേരില്‍ നടത്തിയ ഫുട്‌ ബോള്‍ ടൂര്‍ണമെന്റിന്‌ നല്‍കിയ പണത്തിന്റെ കഥ വെളിച്ചത്തു വന്നത്‌ എന്നുവരെ പറഞ്ഞുകളഞ്ഞു ഫാരിസ്‌..... എന്നാല്‍ ഒരിക്കല്‍ വി എസിനെതിരായ ഒരു വാര്‍ത്ത `ക്ലാരിഫൈ' ചെയ്യാന്‍ കേരളത്തിലെ ആദ്യ ദിനപ്പത്രമായ ദീപികയുടെ ചെയര്‍മാന്‍ പിണറായിയെ വിളിച്ചുവത്രേ.... അതും പത്രത്തിലെ ഒരു ജേണലിസ്റ്റ്‌ പറഞ്ഞിട്ട്‌... പിണറായിയുടെ പ്രതികരണം തൃപ്‌തികരമല്ലാതിരുന്നതുകൊണ്ട്‌ അദ്ദേഹം എം എ ബേബിയേയും വിളിച്ചു ചോദിച്ചുവത്രേ....പോരാത്തതിന്‌ ഇനിയൊരിക്കലും പിണറായിയെ വിളിക്കില്ലെന്നു ശപഥവും ചെയ്‌തുകളഞ്ഞു. നോക്കണേ ഈ പത്രപ്രവര്‍ത്തനത്തിന്റെ പോക്ക്‌ . വാര്‍ത്ത ക്ലാരിഫൈ ചെയ്യാന്‍ പത്രത്തിന്റെ ചെയര്‍മാനോടാണ്‌ പറയുന്നത്‌. പിന്നെ അവിടത്തെ ജേണലിസ്റ്റുകള്‍ക്കൊക്കെ എന്താ പണി. പിണറായിയോ ബേബിയോ എന്താ ജേണലിസ്റ്റുകളെ പിടിച്ചു തിന്നുകളയുമോ? മാതൃഭൂമിയിലേയും മനോരമയിലേയും ജേണലിസ്റ്റുകള്‍ വാര്‍ത്ത ക്ലാരിഫൈ ചെയ്യാന്‍ വീരേന്ദ്രകുമാറിനെയോ കെ എം മാത്യുവിനേയോ വിളിച്ചു പറയാറുണ്ടോ? എന്തേ ഫാരിസ്‌ ബ്രിട്ടാസിനോടു ചോദിച്ച പോലെ ആ ജേണലിസ്റ്റിനോടു ചോദിക്കാതിരുന്നത്‌. ഇപ്പോ മനസ്സിലായില്ലേ നായകനും പിണറായിയുമായുള്ള ബന്ധം. പിന്നെയെന്തിനാണ്‌ അദ്ദേഹം പിണറായിയെ ചീത്ത വിളിച്ചത്‌.. ഹ ഹ ഹ.. നോട്ട്‌ ദ പോയിന്റ്‌.. പിണറായിയോടു മാത്രമല്ല.. ചില കേന്ദ്രമന്ത്രിമാരായ കോണ്‍ഗ്രസ്സുരോടുമുണ്ട്‌ ഫാരിസിന്‌ ചെറിയ സോഫ്‌റ്റ്‌ കോര്‍ണര്‍ എന്നു പറഞ്ഞു കേള്‍ക്കുന്നു. ഒരു പ്രവാസി വ്യവസായിയായതുകൊണ്ടാവാം ആ കോര്‍ണര്‍ എന്നു കരുതി നമുക്ക്‌ ആശ്വസിക്കാം.

പറയുന്നതില്‍ ഒട്ടും അതിശയോക്തി തോന്നരുത്‌. ചെകുത്താനും കടലിനുമിടയിലായിരുന്നു മിസ്റ്റര്‍ ജോണ്‍ ബ്രിട്ടാസ്‌. ചിലതു ചോദിച്ചില്ലെങ്കില്‍ തലപ്പത്തിരിക്കുന്നവര്‍ അദ്ദേഹത്തെ തല്ലും ചോദിച്ചാല്‍ ഫാരിസ്‌ തല്ലും.. അദൃശ്യമനുഷ്യനെന്ന്‌ വിശേഷിപ്പിച്ച ഫാരിസിന്റെ കൈയില്‍ നിന്ന്‌ സാക്ഷാല്‍ ശ്രീമാന്‍ ബ്രിട്ടാസിന്‌ കിട്ടി കണക്കിന്‌... പ്രസ്‌ അക്കാദമിയിലോ കേരളത്തിലെ ഏതെങ്കിലും ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടിലോ ക്ലാസെടുക്കാന്‍ വിളിക്കണം ഫാരിസിനെ അത്രക്ക്‌ വിവരമാണ്‌ ആവിഷയത്തില്‍ അദ്ദേഹത്തിന്‌. അദൃശ്യമനുഷ്യനായ ഫാരിസിനെ കണ്ടെത്താന്‍ പറഞ്ഞു കൊടുത്ത വിദ്യ കെങ്കേമം... ഈയടുത്ത കാലത്ത്‌ കോഴിക്കോട്‌ എഡിഷന്‍ രാഷ്‌ട്രദീപികയില്‍ ഒന്നാം പേജില്‍ കൊയിലാണ്ടിക്കാരന്‍ ഒരു വല്ല്യക്കായുടെ ചരമ ഫോട്ടോ വന്നിരുന്നുവത്രേ അത്‌ അന്വേഷിച്ചു പിന്നാലെ പോയാല്‍ പിടിക്കാമായിരുന്നു എന്ന്‌. ആ പരസ്യം കേരളം മുഴുവന്‍ അസാമാന്യ വലിപ്പത്തില്‍ വന്നിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു ഇല്ലേ. എന്തൊരു വിവരം. ജേണലിസം പഠിപ്പിക്കാന്‍ കേരളത്തില്‍ ഒരു ഫാരിസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ജേണലിസം സ്ഥാപിച്ചാല്‍ നന്നായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ചാനല്‍ ചാപിള്ളകളെ `ഫാ'വിയിലെങ്കിലും ഒഴിവാക്കാമായിരുന്നു. എനിവേ നോട്ട്‌ ദ പോയിന്റ്‌.

പക്ഷേ തന്റെ പടമെടുത്തതിന്‌ ദീപികയിലെ ഫോട്ടോ ഗ്രഫറെ ചീത്തവിളിച്ചതും മറ്റൊരു കൊച്ചച്ചന്റെ മൊബൈല്‍ വാങ്ങി എടുത്ത പടം നശിപ്പിച്ചതും അദ്ദേഹം നിഷേധിക്കുകയോ ഒന്നും ചെയ്‌തില്ല.ഫോട്ടോ അവിടെ കിട്ടും ഇവിടെ കിട്ടും എന്നൊക്കെ പറഞ്ഞ്‌ തടിയൂരുകയായിരുന്നല്ലോ. ദീപികയിലെ ജോലിക്കാരെന്ന്‌ പറയാന്‍ അദ്ദേഹം ഇഷ്‌ടപ്പെടാത്ത ആളുകളില്‍ എത്ര പേര്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്‌? സൈക്കിളോടിക്കാന്‍ പൂതി തോന്നുമ്പോള്‍ കൊയിലാണ്ടിക്കടുത്ത നന്ദിയിലേക്ക്‌ പോവുന്ന അദ്ദേഹത്തിന്‌ കൊച്ചിയിലും മറ്റും വരുമ്പോള്‍ ഇടക്ക്‌ ദീപികയുടെ ഓഫീസിലോ മറ്റോ പോയി പാവം പത്രപ്രവര്‍ത്തകരെയൊക്കെ ഒന്നു കണ്ടു കൂടെ. എന്തിന്‌ വിരലിലെണ്ണാവുന്ന വിശ്വസ്‌തരെ വല്ല ഹോട്ടലിലോ റിസോട്ടിലോ ഒക്കെ വിളിച്ചു വരുത്തി കാശു കളയണം. സ്വന്തം ജോലിക്കാരെ ഇത്ര സ്‌നേഹിക്കുന്ന കേരളത്തിലെ ഒരു രാഷ്‌ട്രീയ ലോബിയോടും കൂറില്ലാത്തയാള്‍ എന്തിനാണ്‌ സ്വന്തം സ്ഥാപനത്തില്‍ നിന്ന്‌ വി എസ്‌ അച്യുതാനന്ദന്‌ അനുകൂലമായ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ ഒരു നോട്ടീസ്‌ പോലും കൊടുക്കാതെ ഒരു പത്രപ്രവര്‍ത്തകനെ പിരിച്ചുവിട്ടത്‌. പറയാന്‍ സൗകര്യമില്ല എന്നുമാത്രം പറയരുത്‌ ഫാരിസ്‌ പ്ലീസ്‌....

എന്തൊക്കെയായാലും ഫാരിസ്‌ അഭിമുഖം ലക്ഷ്യം കണ്ടു. ഇപ്പോള്‍ ആ അറുപതു ലക്ഷം എവിടുന്നു വന്നു എന്ന്‌ ആരെങ്കിലും ചോദിക്കുന്നുണ്ടോ?. കണക്കില്‍ പെടുന്നതോ പെടാത്തതോ ആണെന്നു ചോദിക്കുന്നുണ്ടോ?. ലിസ്സില്‍ നിന്നു വാങ്ങിയ ഒരു കോടി വേണുഗോപാലിനെ പുറത്താക്കിയതോടെ മാഞ്ഞുപോയി. മാര്‍ട്ടിന്റെ രണ്ടു കോടി തിരിച്ചു കൊടുക്കാമെന്നു വാക്കാല്‍ പറഞ്ഞു തടിയൂരി(ഇപ്പോഴു തിരച്ചു കൊടുത്തിട്ടില്ല). ഇനിയാ അറുപതു ലക്ഷത്തിന്റെ കാര്യം... അതും തേഞ്ഞു മാഞ്ഞു പോയി ഇപ്പോള്‍ ആ അറുപതു ലക്ഷത്തിനു പകരം വിവാദ അഭിമുഖവും പാര്‍ട്ടി ഗ്രൂപ്പിസവും പാര്‍ട്ടി ചാനലിന്റെ പിതൃ നിര്‍ണ്ണയവുമാണ്‌ വിവാദ വിഷയം.

വാല്‍ക്കഷണം: സി പി എമ്മും മനോരമയും ഇരുന്നാളും മുന്നാളും പോലെ കണ്ണില്‍ കണ്ടാല്‍ വഴക്കാണെന്ന്‌ ആരാണ്‌ പറഞ്ഞത്‌. കണ്ടില്ലേ കൈരളി തുടങ്ങിയ ഫാരിസ്‌ അഭിമുഖം മനോരമയും എടുത്ത്‌ വീശിയിരിക്കുന്നത്‌. താരങ്ങളുണ്ടാകുന്നത്‌ ഇങ്ങനെയാണ്‌. കൈരളിയെ വെട്ടിച്ച്‌ മനോരമ ഒരു കാര്യം കൂടെ പറഞ്ഞു കളഞ്ഞു. ഫാരിസിന്‌ വയസ്സ്‌ 35 . പത്തൊമ്പതു വര്‍ഷം മുമ്പാണത്രേ അദ്ദേഹം ചെന്നൈയില്‍ എത്തിയത്‌. അതും 16ാമത്തെ വയസ്സില്‍ ബി എസ്‌ സി ബോട്ടണിക്കു ചേരാന്‍. പോരാത്തതിന്‌ അദ്ദേഹവുമായി അഭിമുഖം നടത്തിയത്‌ അദ്ദേഹം തന്നെ ഡ്രൈവ്‌ ചെയ്‌തിരുന്ന ലക്ഷ്വറി കാറില്‍ . ഞായറാഴ്‌ചകളില്‍ അദ്ദേഹം ഓട്ടോയിലാണത്രേ സഞ്ചരിക്കുക. സാധാരണ ജനങ്ങളുടെ പള്‍സ്‌ അറിയാന്‍. പാര്‍ട്ടി ചാനലിന്റെ ലക്ഷ്യം നമുക്ക്‌ മനസ്സിലാക്കാം മനോരമ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്‌ എന്തിനാണ്‌. ആര്‍ക്കറിയാം.

Monday, April 30, 2007

തിരക്കഥ സംഭാഷണം സംവിധാനം രണ്‍ജി പണിക്കര്‍..

''കൊച്ചിക്കായലില്‍ യുവാവിന്റെ ജഡം.. അപകടമരണമോ കൊല പാതകമോ.''പിന്നാലെ വന്ന വിശ്വനാഥന്റെ പോലീസുകാരന്‍ പത്രക്കാരന്‍ പയ്യനെ എടുത്തിട്ട്‌ അലക്കി.. തൊട്ടു പിന്നാലെ നായകന്‍ രംഗപ്രവേശനം ചെയ്യുന്നു. പോലീസുകാരനു കണക്കിനു കൊടുക്കുന്നു....
പിന്നാലെ വരുന്ന സീനുകളില്‍ മലയാളമനോരമയെന്ന നമ്മെ മനസ്സിലാക്കിക്കുന്ന കുരുവിത്തടം ബേബിച്ചന്റെ പത്രത്തിനെ ചെളി വാരിയെറിഞ്ഞും മൂല്യാധിഷ്ടിത പത്രപ്രവര്‍ത്തനത്തിന്റെ പ്രതീകമായ ശേഖരേട്ടന്റെ ജാഗ്രതയുമായി നായകന്‍ നായികക്കൊപ്പം മുന്നോട്ട്‌.

ചിത്രം പത്രം .അക്രമത്തിനും അനീതിക്കുമെതിരെ , പത്രകുത്തകക്കെതിരെ, മഞ്ഞ പത്രപ്രവര്‍ത്തനത്തിനെതിരെ ഡയലോഗ്‌ കസര്‍ത്തുകള്‍..... രണ്ടര മണിക്കൂര്‍ കഴിഞ്ഞ്‌ കഥ തിരക്കഥ സംഭാഷണം രണ്‍ജി പണിക്കര്‍ എന്ന്‌ ക്രെഡിറ്റും എഴുതിക്കാണിച്ച്‌ പുറത്തിറങ്ങുമ്പോള്‍ '' ദാ നോക്കിയെ കൈയില്‍ രോമം എഴുനേറ്റു നിക്കുവാ''...

ഇനി തിരക്കു പിന്നിലെ തിരക്കഥ.
കോട്ടയം കേന്ദ്രമാക്കി ഇറങ്ങിയ മലയാളത്തിലെ ആദ്യ ദിനപ്പത്രത്തിന്റെ ആറാമത്തെ പേജിന്റെ താഴെ പ്രിന്റ്‌ ലൈന്‍ എടുത്തു നോക്കുക. ചെയര്‍മാന്‍ എം.എ ഫാരിസ്‌, വൈസ്‌ ചെയര്‍മാന്‍ രണ്‍ജി പണിക്കര്‍. വീണ്ടും തിരക്കഥ സംഭാഷണം സംവിധാനം രണ്‍ജി പണിക്കര്‍.

ഇനി കാത്തിരിക്കാം ഉച്ചിഷ്ടവും അമേദ്യവും കൂട്ടിക്കലര്‍ത്തിയ ഡയലോഗുകള്‍ക്കായി.വര്‍ഷം രണ്ടോ മൂന്നോ ആയി കോണ്‍ഗ്രസ്സിനൊപ്പം നിലയുറപ്പിച്ച ദീപികയില്‍ ആരൊക്കെയോ തിരക്കഥയെഴുതാന്‍ തുടങ്ങിയിട്ട്‌. പത്രം വായിക്കുന്നവര്‍ക്ക്‌ അത്‌ സ്ഥിരമായിട്ടറിയാവുന്ന കാര്യമാണ്‌. രണ്ടും മൂന്നും സ്ഥാനത്തു നിന്നിരുന്ന പത്രം ദാ ഇപ്പോ കേരളത്തില്‍ അടിക്കുന്നത്‌ പത്തോ മുപ്പതോ ആയിരം കോപ്പി. ഭരണത്തിലിരിക്കുന്ന അച്യുമ്മാമനെ ചീത്തവിളിക്കാനും മൂന്നാര്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുരങ്കം വെക്കാനും പിണറായി വിജയേട്ടന്‍ ബിനാമി അണ്ടര്‍ വേള്‍ഡ്‌ ഡോണ്‍ കിഡ്‌നി ഡീലര്‍ എം എ ഫാരിസിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൂല്യാധിഷ്ടിത പത്രപ്രവര്‍ത്തനം. കഥ തിരക്കഥ സംഭാഷണം സംവിധാനം രണ്‍ജി പണിക്കര്‍..

ഏതാണ്ട്‌ ഒരു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രഭാതം.സ്ഥലം പാലാരിവട്ടം കൊച്ചി . ദീപികയുടെ അവകാശ തര്‍ക്കം മൂത്ത്‌ ഫാരിസിന്റെ കൈയില്‍ നിന്നും ഒരു വിഭാഗം ദീപിക പിടിച്ചടക്കാന്‍ ഗുണ്ടകളെ ഇറക്കിയ ദിവസം. ഗുണ്ടകള്‍ വരുന്നതിന്‌ മിനുട്ടുകള്‍ക്കുമുമ്പ്‌ ഒരു ലക്ഷ്വറി കാര്‍ പാലാരിവട്ടത്തെ ദീപിക ഓഫിസിനു മുന്നില്‍ വന്നു ബ്രേക്കിട്ടു. പെട്ടെന്ന്‌ കണ്ണടവെച്ച താടിക്കാരന്‍ ഇറങ്ങി തിടുക്കത്തില്‍ ദീപിക ഓഫിസിലേക്ക്‌. ഞോടിയിടയില്‍ കക്ഷത്തില്‍ ഫയലുകളുമായി കാറില്‍ കയറി തിടുക്കത്തില്‍ തിരിച്ചു പോയി. എവിടെയോ കണ്ട പരിചയം- യെസ്‌ കഥ തിരക്കഥ സംഭാഷണം ചിലപ്പോള്‍ സംവിധാനവും - രണ്‍ജി പണിക്കര്‍.

പാര്‍ട്ടിക്ക്‌ ദേശസ്‌നേഹം തുളുമ്പുന്ന ഒരു പത്രമുണ്ട്‌. അത്‌ ഔദ്യോഗിക പത്രം. അതില്‍ പരസ്യമായി അച്ചുമ്മാമനെ കുത്താനാകുമോ. പിന്നില്‍ നിന്നല്ലാതെ. അതിന്‌ വിജയേട്ടന്‍ കണ്ടുപിടിച്ച വഴിയാണിത്‌. ദിപിക. കുറേ പത്രപ്രവര്‍ത്തകരേ മറ്റും പിരിച്ചുവിട്ട്‌ വഴിയാധാരമാക്കിയാലെന്ത്‌. ഒരു പത്രം കൈയിലായില്ലേ. പിന്നെ വിജയേട്ടന്‍ വെടിയുണ്ടയും കൊണ്ട്‌ ഡല്‍ഹിക്കുപോയത്‌ ചെന്നൈ വഴി. അവിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ അന്തിയുറങ്ങിയിട്ടാണ്‌ പിറ്റേന്ന്‌ ഡല്‍ഹിക്കുപോയത്‌. മേല്‍പ്പറഞ്ഞ കിഡ്‌നി ഫാരിസ്‌ക്കായുടെ വീലാണോ എന്നറിയില്ല. പരദൂഷണക്കാര്‍ പലതും പറയുന്നുണ്ട്‌. പഴയ ക്ലിപ്പിംഗ്‌സ്‌ എടുത്തു നോക്കിയാല്‍ മനസ്സിലാകും വിജയേട്ടന്‍ വന്ന കാര്‍ ഏതാണെന്നും സിന്റിക്കേറ്റുകാര്‍ക്കു വേണമെങ്കില്‍ നമ്പര്‍ ട്രേസ്‌ ചെയ്യാം. അങ്ങോട്ടുള്ള വഴി അറിയാതിരിക്കില്ലല്ലോ. ഇക്കാ ഞരമ്പുപൊട്ടി വിശ്രമിക്കുമ്പോ ഇന്നു കൊടിവെച്ച കാറില്‍ യാത്ര ചെയ്യുന്ന എത്ര പേരാ അവിടെ കാണാന്‍ ചെന്നത്‌.

വാല്‍ക്കഷണം
അറക്കല്‍ എപ്പിസോഡ്‌
കുറേക്കാലം മാര്‍ മാത്യു അറക്കല്‍ ചെയര്‍മാനും ഫാരിസ്‌ വൈസ്‌ ചെയര്‍മാനുമായിരുന്നല്ലോ ദീപികയില്‍. അക്കാലത്താണല്ലോ പത്രം കുളംതോണ്ടി ഇന്നത്തെ രൂപത്തിലാക്കിയത്‌. വിഷയമതല്ല. അറക്കല്‍ ചെയര്‍മാനായിരുന്ന കാലത്ത്‌ സിപിഎമ്മിനനുകൂലമായി എത്ര മഷിയാണ്‌ പാഴാക്കിയത്‌. എന്നിട്ടും അഭിവന്ദ്യ പിതാവ്‌ മാര്‍ മാത്യു അറക്കല്‍ എന്തിന്‌ അതേ പാര്‍ട്ടിക്കെതിരെ ഇടയലേഖനമിറക്കി. കഷ്ടം...ഉത്തരം കിട്ടാത്ത ചോദ്യം. ആരാണ്‌ ആട്ടിന്‍ തോലിട്ട ചെന്നായ.

കുഞ്ഞാടുകള്‍ ക്ഷമിക്കുക.